Tuesday, November 4, 2025

സഹിതം: സൗഹൃദങ്ങളുടെ പുസ്തകം


കൊറോണക്കാലത്ത് യാദൃശ്ചികമായി ചെന്നുചേർന്ന - വന്നു ചേർന്ന - ഒരു ഓൺലൈൻ സ്നേഹക്കൂട്ടം. എന്നും രാത്രി ഒന്നൊന്നര മണിക്കൂർ ശ്രദ്ധയോടെ ഷൗക്കയെ കേട്ടിരുന്ന, ആത്മോപദേശശതകത്തിലൂടെയും, ധമ്മപദയിലൂടെയും, മൊഴിയാഴത്തിലൂടെയും, ജനനീനവരത്നമഞ്ജരിയിലൂടെയുമൊക്കെ സഞ്ചരിച്ച്, സ്വയം ഒന്നടങ്ങാനും, മെച്ചപ്പെടാനുമൊക്കെ സഹായിക്കുന്ന തരത്തിൽ ഒരന്തരീക്ഷം - ഒരു സാധ്യത - ഒരുങ്ങിവന്ന കാലം. കൊറോണയുടെ പേരും പറഞ്ഞ് നമ്മൾ സമൂഹത്തിലും ഓൺലൈനിലുമൊക്കെ “സുരക്ഷിതരായി” അകലം പാലിച്ച് ഒതുങ്ങിക്കൂടിയപ്പോൾ, പലപ്പോഴും നമ്മൾ പോലും അറിയാതെ ആ സുരക്ഷിതത്വത്തിൽ അരക്ഷിതരായപ്പോൾ, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമുള്ള സഹൃദയരായ കുറെ മനുഷ്യരുടെ ഒരു കൂട്ടം, ഹാർമണിയെന്ന പേരിൽ രൂപംകൊണ്ടു.

എന്നും രാത്രി ഷൗക്കയുടെ ക്ലാസ് കഴിഞ്ഞാൽ പിന്നെ ഹാർമണി “ബാക് ബെഞ്ചേഴ്സിന്റെ” കലാപരിപാടികൾ തുടങ്ങും. പാടാത്തവർ പാടി, ആടാത്തവർ ആടി. കൃത്യമായ “പ്രോംപ്റ്റുകളിലൂടെ” നമ്മൾ ചാറ്റ് ജി പി ടിയുടെ ഉള്ളിലെ ‘അറിവിനെ’ വിളിച്ചുവരുത്തുന്നത് പോലെ, ആഴമേറിയ ചിന്താ ശകലങ്ങളിലൂടെ - പ്രോംപ്റ്റുകളിലൂടെ - റോബിൻ ചേട്ടൻ നമ്മൾ ഓരോരുത്തരുടെയും ഉള്ളിലെ ചിന്തകളെ, സർഗ്ഗാത്മകതയെ, ചർച്ചകളിലൂടെ പുറത്തേക്ക് കൊണ്ടുവന്നു. വിധിക്കാനാരുമില്ലാത്ത ഒരിടമായതുകൊണ്ടുതന്നെ ഹാർമണി സമാധാനമുള്ള ഒരു ഇടമായി മാറി.

എന്തായാലും, ഹാർമണിയുടെ സ്നേഹം ഇന്ന് സൗഹൃദങ്ങളുടെ ഒരു പുസ്തകമായി ഇതാ ലോകത്തിന് മുന്നിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നു. ഏറെ പ്രിയപ്പെട്ടവരുടെ എഴുത്തുകൾക്കൊപ്പം എന്റെ രണ്ടു കവിതകളുമുണ്ട്. സഹിതം യാഥാർഥ്യമാക്കിയ ഷൗക്കയ്ക്കും, എഡിറ്റ് ചെയ്ത റോബിൻ ചേട്ടനും സവിത ചേച്ചിക്കും, പിന്നെ പ്രസാധകനായ ജീജോ ചേട്ടനും ഒരു പയിനായിരം സ്നേഹം…

ഈ പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നത് കുറച്ചു നാൾ മുൻപ് നമ്മെ വിട്ടുപോയ ഇബ്രാഹിംക്ക എന്ന സൗമ്യസാന്നിധ്യത്തിനാണ്. അദ്ദേഹത്തെ നേരിട്ടറിയുന്നതിലുപരി മറ്റൊരുപാട് മനുഷ്യരുടെ അനുഭവങ്ങളിലൂടെയാണ് പരിചയം. എല്ലാവരോടും സ്നേഹത്തോടെ, അനുകമ്പയോടെ,  പരിഗണിച്ചുകൊണ്ട് ജീവിച്ച ഒരു മനുഷ്യൻ. അദ്ദേഹത്തെ നേരിൽ കണ്ടത് സായിഗ്രാമത്തിൽ വച്ച് നടന്ന ഹാർമണിയുടെ സ്നേഹസംഗമത്തിലായിരുന്നു. Truly, a sweet and gentle soul… ഇബ്രാഹിംക്കയെ ഓർത്തുകൊണ്ട്….

സഹിതം






No comments:

Post a Comment

സഹിതം: സൗഹൃദങ്ങളുടെ പുസ്തകം

കൊറോണക്കാലത്ത് യാദൃശ്ചികമായി ചെന്നുചേർന്ന - വന്നു ചേർന്ന - ഒരു ഓൺലൈൻ സ്നേഹക്കൂട്ടം. എന്നും രാത്രി ഒന്നൊന്നര മണിക്കൂർ ശ്രദ്ധയോടെ ഷൗക്കയെ കേട്...